ബസ്സിറങ്ങി അയാള്‍ റോഡിന്റെ ഓരം ചേര്‍ന്ന് നടന്നു.എരിയുന്ന വെയില്‍.കയ്യിലെ സഞ്ചി അയാള്‍ ഒന്ന് കൂടി മുറുക്കെ പിടിച്ചു.ദാഹവും വിശപ്പും അയാളെ വല്ലാതെ വലയ്ക്കുന്നുണ്ടായിരുന്നു.പണ്ടെങ്ങോ വെളുത്തിരുന്ന മുണ്ടും ഷര്‍ട്ടും മുഷിഞ്ഞു നിറം മങ്ങിയിരിക്കുന്നു.
നടക്കുന്നതിനിടയിലും ഇടക്കിടക്ക് അയാള്‍ തന്റെ സഞ്ചിയെ നോക്കി.ഇടക്കിടക്ക് അയാളതിനിടയിലൂടെ അകത്തേക്ക് നോക്കി തൃപ്തിയടഞ്ഞു.
ഏറെ ക്ഷീണം തോന്നിയപ്പോള്‍ അയാള്‍ വഴിവക്കില്‍ കണ്ട വാകമരത്തിന്റെ ചുവട്ടിലിരുന്നു.സഞ്ചി തുറന്നു.
'ഉണ്ട്..അതിലുണ്ട്....'
അയാളുടെ മുഖത്തു സംതൃപ്തി കളിയാടി.തോളത്തു കിടന്ന തോര്‍ത്തെടുത്ത് വീശി ഉഷ്ണമകറ്റി കൊണ്ടിരിന്നു അയാള്‍.അകത്തിരുന്നു വിശപ്പയാളെ വിളിച്ചു.ഉത്തരം കിട്ടാത്ത വിളി.ക്ഷീണം വല്ലാതെ തളര്‍ത്തിയപ്പോള്‍ തണല്‍ വിരിച്ചു നില്‍ക്കുന്ന വാകമരത്തില്‍ ചാരിയിരുന്നയാള്‍ ഉറങ്ങിപ്പോയി........
ഉറക്കത്തിലയാള്‍ സ്വപ്നം കണ്ടു...പടവുകള്‍ കയറുകയാണ് താന്‍ ....കയറിയിട്ടും തീരാത്ത പടവുകള്‍....ക്ഷീണമേറിയിട്ടും അയാള്‍ കയറ്റം നിര്‍ത്തിയില്ല.....കയറിക്കൊണ്ടേയിരുന്നു... കുറെ ചെന്നപ്പോള്‍ പടവുകളില്ല,ഇനി കയറാന്‍ ......
മുറിഞ്ഞ സ്വപ്നവുമായയാള്‍ ഉറക്കില്‍ നിന്ന് തപ്പിപ്പിടഞ്ഞെഴുന്നേറ്റു.
അകലെ ചക്രവാളത്തില്‍ ചുവപ്പ് പടര്‍ന്നു തുടങ്ങിയിരിക്കുന്നു.പക്ഷികള്‍ ചിലച്ചു കൊണ്ട് കൂടണയാന്‍ വേഗത്തില്‍ പറക്കുന്നു.പെട്ടെന്നയാള്‍ തന്റെ സഞ്ചിയെക്കുറിച്ചോര്‍ത്തു....
അടുത്തുതന്നെ സഞ്ചി കിടപ്പുണ്ട്...ഒരു നടുക്കത്തോടെ അയാള്‍ കണ്ടു...സഞ്ചിയിലേക്ക് വരി വരിയായി കയറുന്ന ഉറുമ്പുകള്‍....